കൊച്ചി: കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങൾക്കു പുറമേ, ഇവിടത്തെ സാമൂഹ്യ, രാഷ്ട്രീയ സ്ഥിതിയും കാരണമാകുന്നതായി പഠനം.
വിദേശത്ത് ഉപരിപഠനത്തിനു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്ന പെൺകുട്ടികളാണ് അധികവുമെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളെ വിദേശത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്. 52 ശതമാനം പെൺകുട്ടികളും കേരളത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യങ്ങളെ ഭയന്ന് പുറത്തേക്കു കടക്കാൻ ആഗ്രഹിക്കുമ്പോൾ, 45 ശതമാനം ആൺകുട്ടികൾ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവാണ്.
ഭൂരിഭാഗം പെൺകുട്ടികളുടെയും കാര്യത്തിൽ വിദേശത്തേക്ക് പോകാനുള്ള തീരുമാനം മാതാപിതാക്കൾ അടിച്ചേല്പിക്കുന്നതല്ല. സ്വന്തം താത്പര്യമാണ് അവർ പരിഗണിക്കുന്നത്. മാതാപിതാക്കൾ ഇതിനു പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നത്.
നാട്ടിലെ പരിമിതമായ തൊഴിലവസരങ്ങൾ, കുറഞ്ഞ ശമ്പളം, വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പരിശീലനത്തിന്റെ കുറവ്, കാമ്പസ് സെലക്ഷനുകളുടെ അഭാവം എന്നിവ 35 ശതമാനം പെൺകുട്ടികളെ വിദേശത്തേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു പഠനം പറയുന്നു.
യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതി മുൻഗണന നൽകുന്നില്ലെന്നും അഴിമതിയും വികസനമില്ലായ്മയും കുടിയേറ്റത്തിനു കാരണമാകുന്നുണ്ടെന്നും പഠനത്തിന്റെ ഭാഗമായ 39 ശതമാനം ആൺകുട്ടികളും പെൺകുട്ടികളും അഭിപ്രായപ്പെട്ടു.
മലയാളി വിദ്യാർഥികൾക്കു ഉപരിപഠനത്തിനു യുകെയും (33 ശതമാനം) കാനഡയുമാണ് (26 ശതമാനം) കൂടുതൽ പ്രിയങ്കരം. കേരള ഗേൾ സ്റ്റുഡന്റ് മൈഗ്രേഷൻ സ്റ്റഡി എന്ന പേരിലുള്ള സിപിപിആർ പഠനം എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്.